പാലക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് സിദ്ധാർഥിന്റെ കൊലപാതകത്തിലുള്ള സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ സമരവും തെരഞ്ഞെടുപ്പും ഭയന്നാണ് സി.ബി.ഐ അന്വേഷണത്തിന് തയാറായത്.
സിദ്ധാർഥന്റെ അച്ഛന് മുഖ്യമന്ത്രിയെ കണ്ട് പുറത്ത് ഇറങ്ങിയപ്പോഴേക്കും സി.ബി.ഐ അന്വേഷണ ഉത്തരവിറങ്ങി. ഇത് നേരത്തെ തയാറാക്കി വച്ചിരുന്നതാണ്. അല്ലാതെ സിദ്ധാര്‍ഥിന്റെ അച്ഛനെ കണ്ട ശേഷം ഉണ്ടാക്കിയതല്ല. നടപടിക്രമം വൈകിപ്പിച്ചതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമല്ല കുറ്റക്കാര്‍.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവഗണനയായിരുന്നെന്നാണ് സിദ്ധാർഥിന്റെ അച്ഛന് പറഞ്ഞത്. മനഃപൂര്‍വം സി.ബി.ഐ അന്വേഷണം വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പാക്കാന്‍ വേണ്ടി നടത്തിയ ശ്രമം പുറത്തുവന്നു. സിദ്ധാർഥിന്റെ അച്ഛന്റെ ഉത്കണ്ഠ കേരളം ഏറ്റെടുത്തതോടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉപജാപകത്തിന്റെ കേന്ദ്രമെന്നും വി.ഡി. സതീശൻ ആരോപിച്ചു.