വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ഡീൻ, അസി. വാഡൻ എന്നിവരുടെ വീഴ്ച നാലംഗ സംഘം അന്വേഷിക്കും. വിസിയാണ് നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. എം കെ നാരായണൻ, ഡോ.കാന്തനാഥൻ എന്നിവരുടെ വീഴ്ചയാണ് നാലംഗ സംഘം പരിശോധിക്കുക. ഇരുവരേയും ഇന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
സിദ്ധാർത്ഥൻ്റെ മരണത്തിൽ ഇരുവർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് കോളേജ് ഡീൻ എം. കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവ സസ്പെൻ്റ് ചെയ്തത്. വൈസ് ചാൻസലറുടെതായിരുന്നു നടപടി. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നടന്ന കാര്യങ്ങളിൽ വീഴ്ച ഉണ്ടായി എന്നായിരുന്നു ഉയര്‍ന്ന വിമർശനം. കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇവരുടെ വിശദീകരണം തള്ളി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പകരം ചുമതലക്കാരെ ഉടൻ നിയോഗിക്കും. നടപടി വൈകിപ്പോയെന്ന് സിദ്ധാർത്ഥൻ്റെ കുടുംബം പറയുന്നത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നും സിദ്ധാർത്ഥൻ്റെ കുടുംബം ആവശ്യപ്പെട്ടു.