ദില്ലി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ കോടതി ഇളവുചെയ്തു. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജാമ്യവ്യവസ്ഥയിൽ ഇളവും പിടിച്ചെടുത്ത രേഖകളും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സിദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാപ്പനെ യുപി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
പിന്നീട് യുപി പൊലീസിന് പുറമെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2022 സെപ്റ്റംബറിലാണ് സുപ്രീം കോടതി സിദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസിൽ കീഴ്ക്കോടതികളും അലഹബാദ് ഹൈക്കോടതിയും സിദിഖ് കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു.