തിരുവനന്തപുരം : വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ മോട്ടർ വാഹന വകുപ്പിനോട് അനൗദ്യോഗിക നിർദേശം. വാഹനങ്ങളുടെ മെയ്ന്റനൻസ്, ഇന്ധനം എന്നിവയ്ക്കായി തുക അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെന്നും പരമാവധി ഉപയോഗം കുറച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിർദേശം.സർക്കുലർ ഇറക്കുന്നതിനു പകരം വാട്സാപ് സന്ദേശം മുഖേനയാണ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. ചില ആർടിഒ ഓഫിസുകളുടെ പരിധിയിൽ ഇന്ധന ബിൽ പാസാക്കാത്തതിനാൽ വാഹനം ഒരു മാസത്തിലധികമായി ഉപയോഗിക്കാനാകാത്ത അവസ്ഥയുമുണ്ടായി. സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന വകുപ്പുകളിലൊന്നാണ് മോട്ടർ വാഹന വകുപ്പ്.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ബില്ല് മാറുന്നതിനു തടസ്സമുണ്ടെന്നും പരമാവധി ഇന്ധന ബില്ലുകളും മെയ്ന്റനൻസ് ബില്ലുകളും കുറയ്ക്കണമെന്നാണ് നിർദേശം. പൊലീസ്, മോട്ടർ വാഹന വകുപ്പ് തുടങ്ങിയ എൻഫോഴ്സ്മെന്റ് ചുമതലയുള്ള വകുപ്പുകൾക്കു സർക്കാർ ഇന്ധന പരിധി നിർദേശിക്കാറില്ല.ഇന്ധനം ഉപയോഗിക്കുന്നതു കുറച്ചാൽ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനകൾ ഉൾപ്പെടെയുള്ള ഫീൽഡ് ജോലികൾ തടസ്സപ്പെടുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.മോട്ടർ വാഹന വകുപ്പിനു കീഴിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനങ്ങൾക്കു റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്നും മറ്റു വാഹനങ്ങൾക്കു സർക്കാരുമാണ് തുക അനുവദിക്കേണ്ടതെന്നും എല്ലാത്തവണയും സ്വാഭാവികമായി ഉണ്ടാകുന്ന കാലതാമസം മാത്രമേ ബില്ലുമാറുന്നതിന് ഉള്ളൂവെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറഞ്ഞു.