തിരുവനന്തപുരം> അടുത്ത സാമ്പത്തിക വർഷം സാമൂഹ്യസുരക്ഷാ പെൻഷൻ കൃത്യമായും സമയബന്ധിതമായും കൊടുത്തുതീർക്കാനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജററ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 62 ലക്ഷത്തോളം ആളുകൾക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവരുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച നിരക്കിൽ പെൻഷൻ നൽകുന്ന സംസ്ഥാനം നമ്മുടേതാണ്. പ്രതിമാസം 1600 രൂപ നിരക്കിൽ പെൻഷൻ നൽകുന്നതിനായി പ്രതിവർഷം വേണ്ടി വരുന്നത് 9000 കോടി രൂപയാണ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി നൽകാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ മൂലം അത് വൈകുന്ന നിലയുണ്ടായിട്ടുണ്ട്. പെൻഷൻ നൽകാനായി രൂപീകരിച്ച കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി ലിമിറ്റഡ് സമാഹരിച്ച 35,000 കോടി രൂപയിൽ 24,000 കോടി രൂപയും തിരിച്ചടച്ചിട്ടുണ്ട്. എന്നാൽ പെൻഷൻ കമ്പനിയിലൂടെ പുതുതായി ധനസമാഹരണം നടത്തി ക്ഷേമപെൻഷൻ സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല.
പെൻഷൻ കമ്പനിയുടെ ഈ ധനസമാഹരണത്തെ സർക്കാരിന്റെ പൊതുകട മായി കണക്കാക്കി പെൻഷൻ വിതരണത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. കൂടാതെ സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിന് വെറും നാമമാത്രമായ സഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അതുപോലും കൃത്യമായി നൽകാത്ത സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു.