സാമൂഹിക അംഗീകാരമില്ലെങ്കിലും ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം – ലിവ് ഇന്‍ പങ്കാളികളോട് അലഹബാദ് ഹൈകോടതി

news image
Jan 25, 2025, 12:00 pm GMT+0000 payyolionline.in

ലഖ്നോ: ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുന്നതിനൊപ്പം ‘ധാർമിക മൂല്യങ്ങൾ’ സംരക്ഷിക്കാൻ പങ്കാളികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അലഹബാദ് ഹൈകോടതി. സാമൂഹിക അംഗീകാരമില്ലെങ്കിലും സമൂഹത്തിൻ്റെ ധാർമിക മൂല്യങ്ങൾ സംരക്ഷിക്കാൻ പങ്കാളികള്‍ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ.

യുവതിയുടെ പരാതിയിൽ എസ്‌.സി-എസ്‌.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റിലായ വാരണാസി സ്വദേശി ആകാശ് കേസരിക്ക് ജാമ്യം നൽകിക്കൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് നളിൻ കുമാർ ശ്രീവാസ്‌തവയുടെ ബെഞ്ചിൻ്റെതാണ് നിരീക്ഷണം.

ആകാശും യുവതിയും ലിവ് ഇൻ ബന്ധത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ ആവശ്യം മുന്നോട്ട് വെച്ചു. എന്നാൽ ആകാശ് വിവാഹത്തിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കോടതിയിലെത്തിയത്.

ലിവ് ഇൻ റിലേഷൻഷിപ്പിന് സാമൂഹിക അംഗീകാരമില്ല. എന്നാലും അത്തരം ബന്ധങ്ങളിലേക്ക് ചെറുപ്പക്കാർ ആകൃഷ്‌ടരാകുന്നുണ്ട്. ഇക്കാര്യത്തിൽ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചില ചട്ടക്കൂടുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

പങ്കാളികളുടെ ബാധ്യതയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനാണ് ലിവ് ഇൻ റിലേഷൻഷിപ്പ്. അതിനാൽ അത്തരം ബന്ധങ്ങൾ തേടിപ്പോകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം പ്രായപൂർത്തിയായ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ആറ് വർഷമായി ഇരുവരും ലിവ് ഇൻ ബന്ധത്തിലായിരുന്നു. ഇതിനിടയിൽ ഗർഭഛിദ്രം നടന്നിട്ടില്ല, വിവാഹം കഴിക്കുമെന്ന് പ്രതി ഒരിക്കലും വാഗ്‌ദാനവും ചെയ്‌തിട്ടില്ല, തുടങ്ങിയ വാദങ്ങള്‍ കേട്ട കോടതിക്ക് അവർ തമ്മിലുള്ള ബന്ധം പരസ്‌പര സമ്മതത്തോടെയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe