സാധനങ്ങൾക്കെല്ലാം തീവില, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ ആളില്ല; അടുക്കള ബജറ്റും താളം തെറ്റുന്നു

news image
Nov 5, 2022, 6:24 am GMT+0000 payyolionline.in

കൊച്ചി∙ അരിക്കും പച്ചക്കറിക്കും സർവ പലവ്യഞ്ജനങ്ങൾക്കും ചിക്കനും വിലക്കയറ്റം– സംസ്ഥാനത്ത് ഹോട്ടൽ രംഗം കടുത്ത പ്രതിസന്ധിയിൽ. പൊതുവെയുള്ള വിലക്കയറ്റം മൂലം സാധാരണ ജനത്തിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിലെ വിൽപ്പന 40% വരെ കുറഞ്ഞു.ഹോട്ടലുകളിൽ ഊണിനു നൽകാറുള്ള അരി ഇനങ്ങൾക്കെല്ലാം കിലോ 20–22 രൂപയാണ് വർധന. പല തരം ബിരിയാണി അരിക്കും 20 രൂപയോളം കൂടി. പച്ചക്കറി വിലയാണ് എല്ലാ തരം വിഭവങ്ങളുടേയും വിൽപ്പന നഷ്ടത്തിലാക്കിയത്. കിലോ 8–10 രൂപയ്ക്കു കിട്ടിയിരുന്ന വെള്ളരിക്കയും കുമ്പളങ്ങയും 30–35 രൂപയിലെത്തി. 30% മുതൽ 100% വരെ വില കൂടിയ ഇനങ്ങളുണ്ട്.

ഉരുളക്കിഴങ്ങ് ചാക്കിന് 1000–1100 രൂപയിൽനിന്ന് 1800–1900 രൂപയിലേക്കും ഉള്ളി കിലോ 40 രൂപയിൽ നിന്ന് 95 രൂപയിലേക്കും സവാള 19ൽനിന്ന് 40ലേക്കും കുതിച്ചു. കിലോ 20 രൂപയിൽനിന്ന് വെണ്ട 40 രൂപയിലും കത്തിരിക്ക 50 രൂപയിലുമെത്തി. മുളകു വില 50 രൂപ വർധിച്ച് 300ലെത്തി. അച്ചിങ്ങപ്പയറ് 20ൽനിന്ന് 55. പൊരിക്കാൻ ഉപയോഗിക്കുന്ന പാംഓയിൽ പോലുള്ള എണ്ണകൾക്കും വില കൂടി. പാം ഓയിൽ 95 രൂപയിൽ നിന്ന് 120. എന്നാൽ വെളിച്ചെണ്ണ വിലയിൽ വർധനയില്ല.

ചിക്കന് കഴിഞ്ഞ 3 ആഴ്ചകളായി വില കയറിക്കൊണ്ടിരിക്കുകയാണ്. കിലോ 90 രൂപയ്ക്ക് ഹോട്ടലുകൾക്കു ലഭിച്ചിരുന്ന ചിക്കന് 135 രൂപ!സംസ്ഥാനത്ത് സാദാ ഹോട്ടലുകളിൽ 50 രൂപ മുതൽ 80 രൂപ വരെയാണ് ഊണിന് വില. എന്നാൽ വിലക്കയറ്റം മൂലം ഭക്ഷണം തയ്യാറാക്കാനുള്ള ചെലവിൽ ശരാശരി 50% വർധനയുണ്ട്. കുടുംബ ബജറ്റിന്റെ താളം തെറ്റിയതിനാൽ ഹോട്ടലുകളിൽ വരുന്നതിൽ നിന്ന് ഉപഭോക്താക്കൾ വിട്ടുനിൽക്കുകയാണ്. റസ്റ്ററന്റ് വിറ്റുവരവിലെ ഇടിവ് അതാണു കാണിക്കുന്നത്.

വില കൂട്ടിയാൽ ഉപഭോക്താക്കൾ ഇനിയും അകലുമോ എന്ന ഭീതിയിൽ മിക്കവരും അതിനു മുതിരുന്നുമില്ല. ശബരിമല സീസൺ വരുന്നതിനാൽ വില കൂട്ടരുതെന്ന് ആവശ്യപ്പെട്ട് ജില്ലകളിൽ കലക്ടർമാർ യോഗം വിളിക്കുന്നുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe