കൊച്ചി: സംസ്ഥാനത്തെ സഹകരണസംഘം, സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻപ്രായം 60 ആക്കുന്നത് സംബന്ധിച്ച നിവേദനങ്ങളിൽ അവരുടെ വാദംകൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ കാര്യത്തിൽ രണ്ടുമാസത്തിനകവും സഹകരണ ബാങ്ക് ജീവനക്കാരുടെ കാര്യത്തിൽ മൂന്നുമാസത്തിനകവും തീരുമാനമെടുക്കണം. സർക്കാർ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും ജീവനക്കാരുടെ വിരമിക്കലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പെൻഷൻപ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
എന്നാൽ, പെൻഷൻപ്രായം ഉയർത്തണമെന്ന ആവശ്യം സർക്കാർ എതിർത്തു. പെൻഷൻപ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും സഹകരണ നിയമത്തിൽ പെൻഷൻപ്രായം 58 ആണെന്നും ചൂണ്ടിക്കാണിച്ചാണ് എതിർപ്പ് അറിയിച്ചത്. ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതോടെ ജീവനക്കാർക്ക് ബാങ്കിങ് റെഗുലേഷൻ ആക്ടും റിസർവ് ബാങ്കിന്റെ നിയമങ്ങളും ബാധകമാണെന്ന് ഹർജിക്കാർ വാദിച്ചു. ഷെഡ്യൂൾഡ് ബാങ്കായ കേരള ബാങ്കിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഷെഡ്യൂൾഡ് ബാങ്കിലെ വിരമിക്കൽ പ്രായമായ 60 ആക്കുക, കേരള കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്‌റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽപ്രായം ഉയർത്തുക എന്നീ ആവശ്യങ്ങളുമാണ് ഹർജിയിൽ ഉന്നയിച്ചത്.