കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോ പാർക്കിൽ ശിശുദിനം മുതൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങും. താനൂർ ബോട്ടപകടത്തിന്റെ പാശ്ചാത്തലത്തലത്തിൽ ഒന്നരക്കൊല്ലം മുമ്പാണ് സരോവരം കളിപ്പൊയ്കയിലെ ബോട്ട് സവാരി നിർത്തിവച്ചത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെയാണ് ബോട്ടിംഗ് സമയം.
മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 40 രൂപയുമാണ് നിരക്ക്. പെഡല്‍ ബോട്ടുകളാണ് പൊതു ജനങ്ങൾക്കായി ഓടിത്തുടങ്ങുക. അഞ്ച് ബോട്ടുകളാണ് കരാറുകാർ സവാരിക്കായി ഒരുക്കിയത്. നാലുപേർ കയറുന്ന നാല് ബോട്ടും രണ്ടുപേർ കയറുന്ന മറ്റൊരു ബോട്ടുമാണ് ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കിലെ മുഖ്യ ആകർഷകമാണ് ബോട്ട് സർവിസ്.
മഴക്കാലം കഴിഞ്ഞതോടെയാണ് നഗരത്തിലെ മുഖ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ സരോവരം കളിപ്പൊയ്കയുടെ തീരങ്ങളിൽ വഞ്ചികളടുക്കുന്നത്. കാലവർഷവും നിപ, കോവിഡ് മഹാമാരികളുടെ നിയന്ത്രണങ്ങളും കാരണം വർഷങ്ങളായി ഉല്ലാസ ബോട്ട് സർവിസ് അലങ്കോലമായിരുന്നു. നേരത്തേ ബോട്ടുകൾ കുറച്ച് ദിവസം ഇറക്കിയിരുന്നുവെങ്കിലും കളിപ്പൊയ്കയിലെ വെള്ളം മലിനമായതും പ്രശ്നമായിരുന്നു. ചളിവെള്ളം തെറിക്കുന്നത് നേരത്തേ ബോട്ടിൽ കയറുന്നവർക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.
കനോലി കനാലിൽ നിന്ന് വേലിയേറ്റത്തിന് മാലിന്യം കുത്തിയൊഴുകുന്നതിന് കനാൽ വൃത്തിയാക്കിതതോടെ ശമനമുണ്ടായെങ്കിലും ഒഴുക്ക് കുറഞ്ഞതിനാൽ വെള്ളം വൃത്തികേടാവുന്നത് തുടരുന്നുണ്ട്. ബോട്ട് കാത്തിരിക്കാനുള്ള ഇരിപ്പിടവും മറ്റും നന്നാക്കിയതായും കളിപ്പൊയ്കയിലെ മലിന ജലം നിയന്ത്രിക്കാൻ നടപടിയെടുത്തതായും അധികൃതർ പറഞ്ഞു. സുരക്ഷാ ക്രമീകരണവുമൊരുക്കിയിട്ടുണ്ട്.