ടെല്‍ അവീവ്: സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. സയനൈഡ് വിതറി കൂട്ടക്കൊല നടത്താനുള്ള നിർദേശങ്ങൾ അടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്‍റെ ആരോപണം.
യുകെയിലെ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹെർസോഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാസബോംബ് സംബന്ധിച്ച അല്‍ ഖ്വയ്ദയുടെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള രാസായുധ പ്രയോഗമാണ് ഹമാസ് പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്, അൽ ഖ്വയ്ദ, ഹമാസ് എന്നിവരെയാണ് തങ്ങള്‍ നേരിടുന്നതെന്നും ഹെർസോഗ് വിശദീകരിച്ചു.
സയനൈഡ് ഉപയോഗിച്ച് എങ്ങനെ രാസായുധം നിർമിക്കാമെന്ന് ഹമാസിന് നിര്‍ദേശം ലഭിച്ചെന്ന് ഇസ്രയേല്‍ പ്രസിഡന്‍റ് പറയുന്നു. ഐഎസ് നടത്തുന്ന ആക്രമങ്ങള്‍ക്ക് സമാനമായി ഭീകരാക്രമണം നടത്താന്‍ ഹമാസ് പദ്ധതിയിടുന്നതായി ഇസ്രയേല്‍ എംബസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നതോടെ പൂർണ്ണ യുദ്ധമാകുമെന്ന ആശങ്ക ശക്തമാണ്. യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രയേൽ അതിർത്തിയിലെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്നാണ് ഇസ്രയേലിന് ഇറാന്റെ ഭീഷണി. കാര്യങ്ങൾ ഈ നിലയിലെത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു.
പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലും യുദ്ധ സാഹചര്യമാണ്. 17 ദിവസത്തിനിടയിലെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ ഇസ്രയേല്‍ ഗാസയിൽ നടത്തിയത്. നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു.