വാനനിരീക്ഷകര്‍ കാത്തിരിക്കുന്ന ആകാശ വിസ്മയമായ ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ ഹോളി ആഘോഷങ്ങളുടെ ദിവസമായ 2025 മാർച്ച് 14 നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 11:57 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:29 ന് ചന്ദ്രഗ്രഹണം ഉച്ചസ്ഥായിയിലെത്തും. 01:01 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. പകല്‍ വെളിച്ചത്തിലായതുകൊണ്ടു തന്നെ രാജ്യത്ത്
സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും ഗ്രഹണത്തിന്‍റെ തല്‍സമയ സംപ്രേക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണങ്ങള്‍ പതിവാണെങ്കിലും പൂർണ്ണ ചന്ദ്രഗ്രഹണത്തിൽ ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഈ സമയം ചന്ദ്രൻ പൂർണ്ണമായി ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ കാണപ്പെടും. അതിനാല്‍ തന്നെ ‘രക്ത ചന്ദ്രന്‍’ (Blood Moon) എന്നാണ് പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തെ ചന്ദ്രന്‍ അറിയപ്പെടുന്നത്. ഒരു മണിക്കൂറോളം ഇത്തവണ സമ്പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കും.
സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷം തന്നെയാണ് ചന്ദ്രനെ ‘രക്ത ചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശമാണ് ചന്ദ്രനില്‍ പതിക്കുന്നത്. ഈ സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തില്‍ അപവര്‍ത്തനത്തിന് വിധേയമാകുന്നു. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്ത ചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്. നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ രക്തചന്ദ്രനെ കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും.
മുകളില്‍ പറഞ്ഞതുപോലെ സമ്പൂര്‍ണ ചന്ദ്രഹ്രഹണം ഇത്തവണ ഇന്ത്യയില്‍ ദൃശ്യമാകില്ല. അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, അറ്റ്ലാന്‍റിക് സമുദ്രം തുടങ്ങിയ ഇടങ്ങളില്‍ ഈ ആകാശകാഴ്ച ദൃശ്യമാകും. അമേരിക്കയിലുടനീളം പൂർണ്ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. മാർച്ച് 13 രാത്രി മുതൽ മാർച്ച് 14 പുലർച്ചെ വരെയായിരിക്കും അമേരിക്കയില്‍ ഗ്രഹണം. അമേരിക്കയില്‍ രാത്രി 10 മണിയോടെ ഗ്രഹണം ആരംഭിച്ച് പുലർച്ചെ 1 മണിയോടെ ഗ്രഹണം ഉച്ചസ്ഥായിയിലെത്തും. നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ക്കായി Timeanddate.com ല്‍ പൂർണ്ണ ചന്ദ്രഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യും.