സമരവീര്യത്തിന് വിജയം; നന്തി അടിപ്പാത തുറന്നു, ജനകീയ കമ്മിറ്റി നന്ദി പ്രകടന സംഗമം നടത്തി

news image
Mar 16, 2026, 8:38 am GMT+0000 payyolionline.in

മൂടാടി: നീണ്ട നാളത്തെ ജനകീയ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ നന്തി – കിഴൂർ റോഡിലെ അടിപ്പാത (Underpass) ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേശീയപാത 66-ന്റെ ഭാഗമായുള്ള നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് അലൈൻമെന്റ് വന്നപ്പോൾ നന്തി – കിഴൂർ റോഡ് പൂർണ്ണമായും അടഞ്ഞുപോകുന്ന അവസ്ഥയായിരുന്നു. ഇതിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തും ജനകീയ കമ്മിറ്റിയും നടത്തിയ ശക്തമായ ഇടപെടലുകളാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.

സമരത്തിന്റെ ആദ്യഘട്ടത്തിൽ, നന്തിയിൽ നിലവിൽ മറ്റൊരു അടിപ്പാത ഉള്ളതിനാൽ പുതിയൊരെണ്ണം അനുവദിക്കാനാവില്ലെന്ന കർക്കശ നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി. കൂടാതെ എലിവേറ്റഡ് ഹൈവേ വേണമെന്ന മറ്റൊരു വിഭാഗത്തിന്റെ ആവശ്യം കൂടി വന്നതോടെ വിഷയം സങ്കീർണ്ണമായി. എന്നാൽ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചുചേർക്കുകയും ജനകീയ കമ്മിറ്റി രൂപീകരിച്ച് കാനത്തിൽ ജമീല എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. സമരപന്തൽ കെട്ടി നിർമ്മാണപ്രവർത്തനങ്ങൾ തടയുന്ന സാഹചര്യം വന്നതോടെയാണ് കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ പ്രകാരം അടിപ്പാത അനുവദിക്കാൻ അധികൃതർ തയ്യാറായത്. വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ കടന്നുപോകാൻ സൗകര്യമുള്ള അടിപ്പാത വെറും മൂന്ന് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

അടിപ്പാത യാഥാർത്ഥ്യമായതിന്റെ ഭാഗമായി സംഘടിപ്പിച്ച നന്ദി പ്രകടന പൊതുയോഗത്തിൽ സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനകീയ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.പി. അഖില മുഖ്യപ്രഭാഷണം നടത്തി. വി.വി. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

സന്തോഷ് കുന്നുമ്മൽ, റൗസി ബഷീർ, രൂപേഷ് കൂടത്തിൽ, എൻ. ശ്രീധരൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.എം. കുഞ്ഞിക്കണാരൻ, സി. ഗോപാലൻ, സിറാജ് മുത്തായം, റസൽ നന്തി, കെ. ജീവാനന്ദം മാഷ് എന്നിവർ സംസാരിച്ചു. സി.വി. പ്രകാശ് ബാബു നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe