തിരുവനന്തപുരം: സപ്ലൈകോയുടെ ഈ വർഷത്തെ ഓണം മേള സെപ്റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് ഓണം ഫെയറിൽ വിൽപന. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം വിപണിയിൽ ആഘോഷങ്ങളുണ്ടാകില്ല. കർഷകരിൽനിന്ന് സംഭരിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകും. ഓണം പ്രമാണിച്ച് 300 കോടിയുടെ സാധനങ്ങൾക്കായി പർച്ചേസ് ഓർഡർ നൽകിയെന്നും മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈമാസം ഒമ്പതു മുതൽ റേഷൻകടകളിലൂടെ ഓണക്കിറ്റ് വിതരണം ആരംഭിക്കും. വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 10 മുതൽ ഉദ്യോഗസ്ഥർ കിറ്റ് നേരിട്ട് സ്ഥാപനങ്ങളിൽ എത്തിക്കും. വെള്ള, നീല കാർഡുകാർക്കായി 10 കിലോ ചമ്പാവരി കിലോയ്ക്ക് 10 രൂപ 90 പൈസ് നിരക്കിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. 52.38 ലക്ഷം പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ആറ് ഉൽപന്നങ്ങളുമായി ശബരി സിഗ്നേച്ചർ കിറ്റും ഓണക്കാലത്ത് വിപണിയിലുണ്ടാകും. ഓണത്തിനു മുമ്പായി തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം, അയിരൂപ്പാറ, കുടപ്പനമൂട്, എന്നിവിടങ്ങളിൽ സപ്ലൈകോയുടെ പുതിയ സൂപ്പർമാർക്കറ്റുകളും പോത്തൻകോട് സിവിൽ സ്റ്റേഷൻ ബിൽഡിങ്ങിൽ സപ്ലൈകോ മാവേലി സ്റ്റോറും ആരംഭിക്കും.