സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്; ചാനൽ ചർച്ചകളിൽ പ​ങ്കെടുക്കും

news image
Jan 27, 2025, 8:01 am GMT+0000 payyolionline.in

തിരുവനന്തപുരം: സന്ദീപ് വാര്യർക്ക് കൂടുതൽ പദവികൾ നൽകി കോൺഗ്രസ്. പാർട്ടിയുടെ വക്താവായി സന്ദീപ് വാര്യരെ നിയമിച്ചു. ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ ഇനി മുതൽ സന്ദീപ് വാര്യരും പ​ങ്കെടുക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പാർട്ടി ജനറൽ സെക്രട്ടറി എം.ലിജു നേതാക്കൾക്ക് ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.

അഡ്വ ദീപ്തി മേരി വർഗീസാണ് ​കെ.പി.സി.സി മീഡിയ വിഭാഗം ഇൻ ചാർജ്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതിന് ശേഷം പാർട്ടിയുടെ പ്രവർത്തനങ്ങൾ സന്ദീപ് വാര്യർ സജീവമായി ഇടപെടുന്നുണ്ട്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട്ടെ കൗൺസിലർമാരുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബി.ജെ.പി കൗൺസിലർമാരെ കോൺഗ്രസിലേക്ക് എത്തിക്കാനായിരുന്നു സന്ദീപ് വാര്യരുടെ നീക്കം.

ബി.ജെ.പിയുടെ വക്താവായിരുന്ന സന്ദീപ് വാര്യർ പാർട്ടിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് സ്ഥാനം രാജിവെച്ചാണ് കോൺഗ്രസിലെത്തിയത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സന്ദീപ് വാര്യർ സ്ഥാനം രാജിവെച്ച് കോൺഗ്രസിലേക്ക് എത്തിയത്.

ഇതിന് പിന്നാലെ സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഉന്നതപദവികൾ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിലെ പദവി ഉറപ്പാക്കിയാണ് സന്ദീപ് വാര്യർ പാർട്ടിവിട്ടതെന്ന് വിമർശനം ബി.ജെ.പി ഉന്നയിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe