സത്യജിത്ത് റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി വേണ്ട: പ്രസ്താവനയുമായി വിദ്യാർഥികൾ

news image
Sep 22, 2023, 11:27 am GMT+0000 payyolionline.in

ന്യൂ‍ഡൽഹി∙ അഭിപ്രായം ചോദിക്കാതെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതിൽ മുൻ എംപിയും നടനുമായ സുരേഷ് ഗോപി അതൃപ്തനാണെന്ന റിപ്പോർട്ടുകൾക്കിടെ, സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയതിൽ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാർഥികളും. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിർപ്പിനു പിന്നിലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ധ്രുവീകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് എക്കാലവും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയും പ്രസ്താവനയിൽ പങ്കുവയ്ക്കുന്നു.

സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിച്ചത് സ്ഥാപനത്തിന്റെ സൽപ്പേരിനെയും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് തുല്യമായ ഇടം നൽകി ഒരുമിച്ചു വളരാൻ അവസരം നൽകുന്ന സ്ഥാപനത്തിന്റെ മികവിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

മൂന്നു വർഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്. അതേസമയം, തന്റെ അഭിപ്രായം തേടാതെയുള്ള നിയമനത്തിൽ സുരേഷ് ഗോപി അതൃപ്തനാണെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe