തിരുവനന്തപുരം: സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമീഷനെ നിയമിച്ചിട്ടില്ല. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബ്ബലപ്പെട്ടു വരുന്നു.
ചോദ്യപേപ്പർ ചോർന്നത് ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കി കാണുന്നത്.ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. ലിജു മുഖ്യ പ്രഭാഷണം നടത്തി.