സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന്‍റെ കുതിപ്പ്, തൊട്ടുപിന്നാലെ തൃശൂരും കോഴിക്കോടും

news image
Jan 6, 2025, 5:34 am GMT+0000 payyolionline.in

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ മൂന്നാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കവേ പോയിന്‍റ് പട്ടികയിൽ മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ (449 പോയിന്‍റ്). 448 പോയിന്‍റുമായി തൃശൂർ രണ്ടാമതും 446 പോയിന്‍റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആകെയുള്ള 249 ഇനങ്ങളിൽ 118 ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് 61 ഇനങ്ങളിൽ മത്സരം നടക്കും.

പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയിൽ ഇന്ന് രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കുച്ചുപ്പുടി, ഉച്ചയ്ക്ക് ഹയർസെക്കൻഡറി തിരുവാതിരക്കളി എന്നിവ നടക്കും. രണ്ടാം വേദിയായ വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഹയർ സെക്കൻഡറി ആൺകുട്ടികളുടെ നാടോടി നൃത്തം, ഉച്ചയ്ക്ക് ഹയർസെക്കൻഡറി കോൽക്കളി എന്നിവയാണ്. മൂന്നാം വേദിയായ ടാഗോർ തിയേറ്ററിൽ രാവിലെ ഹൈസ്കൂൾ ദഫ്മുട്ട്, ഉച്ചയ്ക്ക് ഹൈസ്കൂൾ ആൺകുട്ടികളുടെ ഭരതനാട്യം എന്നിവയും നാലാം വേദിയായ അച്ചൻകോവിലാറിൽ (കിഴക്കേക്കോട്ട) ഹയർ സെക്കൻഡറി ചവിട്ടുനാടകം, അഞ്ചാംവേദിയായ ഗവൺമെൻറ് എച്ച്.എസ്.എസ് മണക്കാടിൽ രാവിലെ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കേരളനടനം, ഉച്ചയ്ക്ക് ഹയർ സെക്കൻഡറി പെൺകുട്ടികളുടെ നാടോടിനൃത്തം എന്നിവയും നടക്കും. വിശദമായ മത്സരക്രമങ്ങൾക്കും ഫലങ്ങൾക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വെബ്സൈറ്റ് സന്ദർശിക്കാം.

 

കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ആണ് 65 പോയിന്റോടെ ഒന്നാമതുള്ളത്. പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.എച്ച്.എസ്.എസ്, പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ എന്നിവ 60 പോയിന്റുമായി രണ്ടാമതുണ്ട്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. അഞ്ചുനാൾ നീളുന്ന കലോത്സവം എട്ടിന് സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe