കൊച്ചി: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നുള്ള ഹരജിയിൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി. നാല് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ഹരജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് ബസന്ത് ബാലാജി പറഞ്ഞു. സംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാനും നിർദേശിച്ചിട്ടുണ്ട്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
അവാർഡിനായി മത്സരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിനു താഴെ’യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ്, പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. കൂടാതെ അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനുംആരോപിച്ചിരുന്നു.
‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി ജൂറി അംഗം നേമം പുഷ്പരാജ് പറയുന്ന ഫോണ്‍ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു. സിനിമക്ക് ലഭിച്ച മൂന്ന് അവാർഡുകൾ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും സംവിധായകൻ വിനയനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയരുമ്പോഴും വിഷയത്തിൽ പ്രതികരിക്കാൻ രഞ്ജിത്ത് തയാറായിട്ടില്ല.