സംസ്ഥാനത്ത് റോഡിലെ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങി

news image
Jun 5, 2023, 7:34 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡിലെ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങി. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി യാത്ര ചെയ്യാൻ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണം ഉയരുമ്പോൾ അഴിമതി ക്യാമറയെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം.

സംസ്ഥാനത്തുടനീളം റോഡിൽ ക്യാമറകൾ സജ്ജമായി. നിയമം ലംഘിക്കുന്നവരെ ഉടനടി പിടികൂടും. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും  വലിയ പിഴയാണ് ചുമത്തുന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ പിഴയീടാക്കും. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 ഈടാക്കും. അനധികൃത പാർക്കിംഗിന് 250 രൂപയും അമിത വേഗത്തിന് 1500 രൂപയും ഈടാക്കും. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും.

രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ 12 വയസസിൽ താഴെയുള്ള കുട്ടിയെങ്കിൽ തൽക്കാലം പിഴ നോട്ടീസ് അയക്കില്ല. രാത്രികാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും. അപ്പീലിനും അവസരമുണ്ടാകും. കോടികളുടെ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. ക്യാമറകൾക്ക് മുന്നിൽ വൈകീട്ട് യുഡിഎഫ് പ്രതിഷേധിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയനേതാക്കൾ വിവിധയിടങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. റോഡ് ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയെന്നാണ് കോൺഗ്രസ് ആരോപണം. അഴിമതിക്ക് നിരവധി തെളിവുകൾ  നൽകിയിട്ടും സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe