മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ താമസിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടർന്നാൽ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യത.