തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം.പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വർധിക്കുന്നത്. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വര്‍ധിപ്പിച്ചത്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വിലവർധന ബാധകം.സ്പിരിറ്റ് വിലവര്‍ദ്ധന പരിഗണിച്ച് മദ്യവില്‍പ്പന വര്‍ധിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ മദ്യവിതരണ കമ്പനികൾ മുന്നോട്ടു വെച്ചിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോയും ആവശ്യപ്പെട്ടിരുന്നു.
എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ല. 45 കമ്പനികളുടെ 107 ബ്രാന്‍ഡുകളുടെ വില കുറയും. 120 ഓളം കമ്പനികളാണ് സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നത്. ബെവ്കോയുടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെയടക്കം വില കൂടുന്നുണ്ട്. പത്തു രൂപയാണ് വർധന. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്.
അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ മദ്യ കമ്പനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോള്‍ സ്പിരിറ്റ് വില കൂടിയതിന്റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്.