സംസ്ഥാനത്ത് പുതിയ മദ്യ നയം വൈകും, മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല; വ്യക്തത വേണമെന്ന് അഭിപ്രായം

news image
Feb 19, 2025, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും സമവായമായില്ല. കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതുമാണ് പുതിയ മദ്യ നയത്തിലെ പ്രധാന ശുപാർശ.

ഡ്രൈഡേ മാറ്റാൻ സർക്കാറിന് കോഴ നൽകിയെന്ന ബാറുടകളുടെ വെളിപ്പെടുത്തൽ വിവാദത്തെ തുടർന്നാണ് ഈ സാമ്പത്തിക വർഷം മദ്യനയം വൈകാൻ കാരണം. ഈ സാമ്പത്തിക വർഷം തീരാൻ ഒരു മാസം ബാക്കി നിൽക്കെ എക്സൈസ് വകുപ്പ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയത്തിന്റെ കരടാണ് മന്ത്രിസഭയിൽ കൊണ്ടുവന്നത്. നിലവിലുള്ള കള്ളഷാപ്പുകള്‍ക്ക് പകരം ക്ലാസിഫൈഡ് കള്ളുഷാപ്പുകളാണ് പുതിയ മദ്യനയത്തിലെ പ്രധാന ശുപാർശ. ആളുകളെ കൂടുതൽ ആകർഷിക്കും വിധം പാതയോരത്ത് ആധുനിക സൗകര്യങ്ങളോടുള്ള കെട്ടിടങ്ങള്‍ ടോഡി ബോർഡ് നിർമ്മിച്ചു നൽകും. ഇവിടങ്ങളിൽ കള്ളുഷാപ്പുകള്‍ നടത്താമെന്നാണ് ശുപാർശ.

എന്നാൽ പുതിയ സ്ഥലം കണ്ടെത്തുമ്പോള്‍ നിലവിലുള്ള കള്ളഷോപ്പുകളുമായുള്ള ദൂരപരിധിയിൽ നയം വ്യക്തവരുത്തിയിട്ടില്ല. 400 മീറ്ററാണ് കള്ളുഷാപ്പുകള്‍ തമ്മിൽ നിലവിലുള്ള ദൂരപരിധി. ഈ പരിധി മാറ്റണണെന്ന് എഐഎടിയുസി ഉള്‍പ്പെടെ ദീർനാളായി ആവശ്യപ്പെടുന്നുണ്ട്. പുതിയ നയം വരുന്നതോടെ പരമ്പരാഗതമായി ഷാപ്പു നടത്തുന്നവരുടെ കാര്യത്തിൽ സിപിഐ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. ദൂരപരിധി കുറയ്ക്കണമോ, പുതിയ ഷാപ്പുകള്‍ക്കും ബാധമാകമാകണമോയെന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ട്. ടൂറിസം മേഖലകൾ അന്താരാഷ്ട്ര കോണ്‍ഫറൻസുകള്‍, ആഡംബര കല്യാണം എന്നിവ നടക്കുന്ന ഹോട്ടലുകള്‍, ടൂറിസം ഡെസ്റ്റിനേഷൻ സെൻററുകള്‍ എന്നിവിടങ്ങളിൽ ഒന്നാം തീയതി മദ്യം വിളമ്പാൻ ഉപാധികളോടെ അനുമതി നൽകണണെന്ന ശുപാർശയുമുണ്ട്. ഇക്കാര്യത്തിലും കൂടുതൽ ചർച്ചവേണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തിൽ ഉയർന്നു. ഉദ്യോഗസ്ഥതലത്തിലും, യൂണിയനുകളുമായും, എൽഡിഎഫിലും വിശദമായ ചർച്ചകള്ർക്ക് ശേഷമാകും പുതിയ നയം ഇനി മന്ത്രിസഭയിലേക്കെത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe