സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് രജിസ്ട്രേഷൻ കുറവ്; ബസുകളെ തിരിച്ചെത്തിക്കാൻ നിര്‍ണായക നടപടി പ്രഖ്യാപിച്ച് ബജറ്റ്

news image
Feb 5, 2024, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വളരെ കുറവാണെന്ന് ഇന്ന് ധനമന്ത്രി അവതരപ്പിച്ച സംസ്ഥാന ബജറ്റിൽ വ്യക്തമാക്കുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ടതായ ബസുകള്‍ പോലും താരതമ്യേന നികുതി കുറവുള്ള നാഗാലാന്റ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് സ്ഥിരമായി സര്‍വീസ് നടത്തുകയുമാണ്. ഇത് നികുതി നഷ്ടത്തോടൊപ്പം രജിസ്ട്രേഷൻ ഫീസ് ഇനത്തിലും ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനത്തിലും വലിയ നഷ്ടമാണ് സംസ്ഥാന സര്‍ക്കാറിന് ഉണ്ടാക്കുന്നതെന്നും ബജറ്റ് പ്രസംഗം വിശദീകരിക്കുന്നു.

 

നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി ടൂറിസ്റ്റ് ബസുകൾ രജിസ്റ്റര്‍ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും രജിസ്ട്രേഷൻ കേരളത്തിൽ തന്നെ നടത്താനും ലക്ഷ്യമിട്ട് സുപ്രധാനമായ ഒരു തീരുമാനവും ബജറ്റിൽ പ്രസ്താവിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ നികുതി നിരക്കുകളിൽ കാര്യമായ കുറവ് വരുത്തി കൂടുതൽ രജിസ്ട്രേഷനുകൾ കേരളത്തിൽ തന്നെ നടത്തിക്കാനാണ് സ‍ർക്കാറിന്റെ ശ്രമം. ഇതിനായുള്ള പുതുക്കിയ നികുതി നിരക്കുകളും ബജറ്റ് പ്രസംഗത്തിൽ വിവരിച്ചു.

 

ഓർഡിനറി സീറ്റ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് നിലവിലെ ത്രൈമാസ നിരക്കുകള്‍ പ്രകാരം ഒരു സീറ്റിന് 2250 രൂപയാണ് നികുതിയെങ്കിൽ അത് 1500 രൂപയാക്കി കുറയ്ക്കും. പുഷ്ബാക്ക് സീറ്റുകളുള്ള ബസുകള്‍ക്ക് സീറ്റൊന്നിന് 3000 രൂപ നിരക്കിലാണ് നിലവിലെ ത്രൈമാസ നികുതി. ഇത് 2000 രൂപയാക്കും. സ്ലീപ്പര്‍ ബര്‍ത്തുകളുള്ള ബസിന് 4000 രൂപയാണ് ഒരു ബര്‍ത്തിന് നിലവിൽ നികുതിയായി വാങ്ങുന്നത്. ഇത് 3000 രൂപയാക്കി കുറയ്ക്കും.

 

ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് ടൂറിസത്തിന്റെ ഭാഗമായി വല്ലപ്പോഴും കേരളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതിയുടെ കാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പരമാവധി ഏഴ് ദിവസം വരെ ത്രൈമാസ നികുതിയുടെ പത്തിലൊന്ന് ആയിരിക്കും ഇനി ഈടാക്കുക. ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്ന ബസുകളിൽ നിന്ന് ഓരോ മാസത്തെയും നികുതി ഈടാക്കാനുമാണ് പുതിയ ബജറ്റ് നിര്‍ദേശം. ഇതിന് അനുസൃതമായി ടാക്സ് നിയമത്തിൽ മാറ്റം വരുത്തും. അതേസമയം സ്ഥിരമായി കേരളത്തിൽ സര്‍വീസ് നടത്തുന്ന ബസുകളിൽ നിന്ന് ത്രൈമാസ നികുതി അങ്ങനെ തന്നെ ഈടാക്കാനുമാണ് ബജറ്റ് പ്രഖ്യാപനത്തിൽ നിർദേശിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe