സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്, 2 മരണം

news image
Dec 20, 2023, 4:54 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയര്‍ന്നത്. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍ 88ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.രോഗലക്ഷണമുള്ളവരെ ഉള്‍പ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വര്‍ധനവാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe