കൊച്ചി > കേരളത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും പുരസ്കാരങ്ങൾ നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വസ്തുനിഷ്ഠവും സുതാര്യവുമായ ഓൺലൈൻ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് അവാർഡിന് അർഹരായ മികച്ച സംരംഭങ്ങളെയും, ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാർജ് ആന്റ് മെഗാ കാറ്റഗറിയിൽ ഉത്പാദന/സേവന/വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങൾ, ഉൽപാദന സ്റ്റാർട്ടപ്പുകൾ, വനിതാ/പട്ടിക ജാതി/ പട്ടിക വർഗ/ ട്രാൻസ്ജെൻഡർ സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇവ കൂടാതെ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ലൈഫ് ടൈം അചീവ്മെൻറ് അവാർഡും നൽകുമെന്നും മന്ത്രി കുറിച്ചു. 2021-22 സാമ്പത്തിക വർഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുക. സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്ക് പുറമെ സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും.
നിക്ഷേപങ്ങൾ, വാർഷിക വിറ്റുവരവ്, ലാഭം, കയറ്റുമതി, തൊഴിലാളികളുടെ എണ്ണം, ലഭിച്ച സർട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങൾ, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച സംരംഭങ്ങളെ തെരഞ്ഞെടുക്കുന്നത്. സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിലും തദ്ദേശ തലത്തിലും രൂപീകരിക്കപ്പെട്ട സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാർക്കുകളുടെ വിവരങ്ങൾ, മറ്റു പദ്ധതിളുടെ പ്രവർത്തനങ്ങൾ, തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്.
സംരംഭങ്ങൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളുടെ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ള സംരംഭങ്ങൾക്കും സംരംഭകർക്കും മികവിനായി പരിശ്രമിക്കാൻ വേണ്ടിയുള്ള പ്രചോദനവും കൂടിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
2023 സെപ്റ്റംബർ 23 വരെ അവാർഡിനുള്ള അപേക്ഷ പോർട്ടൽ വഴി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വെബ് സൈറ്റ് http://awards.industry.kerala.gov.in