സംഘർഷ സാധ്യത; നെയ്യാറ്റിൻകരയിലെ ‘സമാധി’ കല്ലറ ഇന്ന് പൊളിക്കില്ല

news image
Jan 13, 2025, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ബാലരാമപുരം അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കുന്നതിൽ പിന്നീട് തീരുമാനമെടുക്കും. സബ്കളക്ടറുടെ നേതൃത്വത്തിൽ ആർഡിഒയും പൊലീസും കല്ലറ പൊളിച്ച് പരിശോധിക്കാൻ എത്തിയപ്പോൾ ഗോപൻ സ്വാമിയുടെ കുടുംബം പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബിജെപി അനുകൂല സംഘടനയായ വിഎസ്ഡിപിയും പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായെത്തി.

 

എന്നാൽ ഒരു കൂട്ടം നാട്ടുകാർ കല്ലറ പൊളിക്കണമെന്നും സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി പൊലീസിനെ അനുകൂലിച്ചു. ഇരുകൂട്ടരും തമ്മിലുണ്ടാകാവുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലറ പൊളിക്കുന്നതിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. അതേസമയം, പൊലീസിനോട് തെളിവെടുപ്പ് തുടരാൻ നിർദേശിച്ചിട്ടുണ്ട്.

 

ഗോപൻ സ്വാമി ‘സമാധി’യായെന്നും അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം കല്ലറയൊരുക്കി കുടിയിരുത്തിയെന്നുമാണ്‌ മക്കൾ അവകാശപ്പെടുന്നത്‌. മക്കൾക്കും ബന്ധുക്കൾക്കും പരാതിയില്ലാത്തതിനാൽ പൊലീസിന്‌ കേസെടുക്കാനോ കല്ലറ പൊളിക്കാനോ ആദ്യം കഴിഞ്ഞിരുന്നില്ല. തുടർന്ന്‌ നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോപൻസ്വാമിയെ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

പൊലീസ്‌ ഞായറാഴ്‌ച ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മക്കളും കുടുംബവും പറയുന്നതിൽനിന്ന്‌ വ്യത്യസ്‌തമായ കാര്യങ്ങളാണ്‌ ബന്ധുക്കളിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചത്‌. ഇതോടെ നാട്ടുകാർ ആരോപിക്കുന്നതിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌ എന്ന നിഗമനത്തിലാണ്‌ പൊലീസ്. കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാകുമെന്ന സംശയമാണ്‌ നാട്ടുകാർ ആദ്യം ഉന്നയിച്ചത്‌. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഗോപൻ സ്വാമി സ്വാഭാവികമായി മരണപ്പെട്ടിരിക്കാമെന്നും ക്ഷേത്രത്തിന്‌ പ്രശസ്‌തി ലഭിക്കാനായി സമാധിക്കഥയുണ്ടാക്കിയതായിരിക്കാമെന്നും പൊലീസ്‌ സംശയിക്കുന്നു. പോസ്റ്റുമോർട്ടം നടത്തിയാലേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.

 

ഗോപൻസ്വാമി സമാധിയായെന്നറിയിച്ച്‌ വെള്ളി പകൽ മക്കൾ പ്രദേശത്ത്‌ പോസ്റ്റർ ഒട്ടിച്ചതോടെയാണ്‌ മരണവിവരം പുറത്തറിഞ്ഞത്‌. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആറാലുംമൂട്‌ ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻസ്വാമി കുടുംബക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe