സംഘർഷം കനക്കുന്നു; യുദ്ധമേഖലയിലേക്ക് സൈനിക നീക്കം തുടങ്ങി അമേരിക്ക, യുദ്ധക്കപ്പൽ പുറപ്പെട്ടു

news image
Oct 9, 2023, 2:20 am GMT+0000 payyolionline.in

വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യു എസ് നേവിയുടെ  യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും.

 

 

 

സംഘർഷം വർധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകൾക്ക് മുന്നറിയിപ്പ് നൽകാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം. ലെബനനിലെ ഹിസ്ബുള്ള പോലെയുള്ള തീവ്രവാദ സംഘങ്ങൾ ഇസ്രായേലിനെതിരെ അണിനിരക്കുന്ന നീക്കം തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അമേരിക്കയുടെ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി. ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ  നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ​ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും  ഇരു നേതാക്കളും ചർച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകൾ തേടിയതായാണ് സൂചന.അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം 1000 കടന്നു.  ഇസ്രായേലിൽ  ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേർ കൊല്ലപ്പെട്ടോപ്പോൽ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ മരണം നാനൂറ് കടന്നു. ഗാസയിലെ നൂറിലേറെ ഹമാസ് നേതാക്കളുടെ വീടുകൾ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe