ഷിരൂര്‍ ദൗത്യം; വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി, ഡ്രെഡ്ജര്‍ എത്തിക്കാൻ വൈകും, ഒരാഴ്ചയെടുക്കുമെന്ന് കമ്പനി എംഡി

news image
Aug 16, 2024, 9:02 am GMT+0000 payyolionline.in

ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത്. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിലും ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍റെ ലോറിയില്‍ തടിക്ഷണങ്ങള്‍ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയ ലോഹ ഭാഗം അർജുൻ ഓടിച്ച ലോറിയുടേത് അല്ലെന്നും ടാങ്കറിന്‍റേത് ആകാനാണ് സാധ്യതയെന്നും ലോറിയുടെ ആര്‍സി ഉടമ മുബീൻ പറഞ്ഞു.

ഇവ കണ്ടെത്തിയ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തിത്. ഗോവയിലെ ഡ്രെഡ്ജിംഗ് കമ്പനിയുടെ എംഡിയാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത് വൈകുമെന്ന് അറിയിച്ചത്. ഡ്രെഡ്ജര്‍ എത്തിക്കാൻ ഇനിയും ഒരാഴ്ച സമയം എടുക്കുമെന്ന് കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. ഡ്രഡ്ജര്‍ കടലിലൂടെ കൊണ്ട് വരാനുള്ള അന്തിമ അനുമതി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുശേഷമേ ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെടുവെന്നും മഹേന്ദ്ര പറഞ്ഞു. 28.5 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവുമുള്ള ഡ്രെഡ്ജര്‍ ആണ് എത്തിക്കുന്നത്. ഡ്രാഫ്റ്റിന് മൂന്ന് മീറ്റര്‍ നീളമാണുള്ളത്.  വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകൾക്കിടയിൽ  15 മീറ്റർ വീതി ഉണ്ട്. ഡ്രെഡ്ജറിന് 8.5 മീറ്റർ മാത്രമാണ് വീതി. അത് കൊണ്ട്  പാലങ്ങൾ തസമാവില്ലെന്നും മഹേന്ദ്ര പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe