ഷാരോൺ വധക്കേസിൽ കാമുകി ഗ്രീ​ഷ്മക്ക് വധശിക്ഷ; ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വന് മൂന്നു വർഷം തടവ്

news image
Jan 20, 2025, 6:21 am GMT+0000 payyolionline.in

നെ​യ്യാ​റ്റി​ൻ​ക​ര: വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​ വ​രു​ത്തി കാ​മു​ക​ൻ ഷാ​രോ​ൺ രാ​ജി​നെ​​ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീ​ഷ്മക്ക് വധശിക്ഷ. ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും കേ​സി​ലെ മൂ​ന്നാം പ്ര​തിയുമായ നി​ർ​മ​ല കു​മാ​ര​ൻ നാ​യ​ർക്ക് മൂന്നു വർഷം തടവുമാണ് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തി ശിക്ഷ വിധിച്ചത്.

കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി.

ലൈഗിംകബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോൺ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല.

കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നിൽക്കാനുള്ള കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് കേസ് നൽകിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ വധശ്രമം നടത്തി. സമർഥമായ കൊലപാതകമാണ് ഗ്രീഷ്മ ചെയ്തത്. പ്രതികൾക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധിയിൽ ജഡ്ജി എ.എം ബഷീൻ ചൂണ്ടിക്കാട്ടി.

കേസിൽ ഒ​ന്നാം പ്ര​തിയായ പാ​റ​ശ്ശാ​ല തേ​വി​യോ​ട് പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ഗ്രീ​ഷ്മക്കെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​​മാ​യ നി​ർ​മ​ല ​കു​മാ​ര​ൻ നാ​യ​ർക്കെതിരെ തെ​ളി​വ്​ ന​ശി​പ്പി​ക്കൽ, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ം എന്നീ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എ​ന്നാ​ൽ, ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ സി​ന്ധു​വി​നെ സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ വെ​റു​തെ​വി​ട്ടു.

കാ​മു​ക​നാ​യ മു​ര്യ​ങ്ക​ര ജെ.​പി ഹൗ​സി​ൽ ജെ.​പി. ഷാ​രോ​ൺ രാ​ജി​നെ (23) 2022 ഒ​ക്‌​ടോ​ബ​ർ 14ന് ​വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​ വ​രു​ത്തി ക​ഷാ​യ​ത്തി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സൈ​നി​ക​നു​മാ​യി നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ന്​ ത​ട​സമാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ൻ ഗ്രീ​ഷ്മ തീ​രു​മാ​നി​ച്ച​ത്.

ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള ഗ്രീ​ഷ്മ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ അ​മ്മ സി​ന്ധു ഒ​ത്താ​ശ ചെ​യ്തെ​ന്നും കീ​ട​നാ​ശി​നി ഗ്രീ​ഷ്മ​ക്ക്​ വാ​ങ്ങി​ ന​ൽ​കി​യ​ത് അ​മ്മാ​വ​ൻ നി​ർ​മ​ല കു​മാ​ര​ൻ നാ​യ​രാ​ണെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തിയി​രു​ന്നു. നെ​യ്യൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി.​എ​സ്‌​സി റേ​ഡി​യോ​ള​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഷാ​രോ​ൺ രാ​ജ്.

പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നടന്ന അന്തിമവാദത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമേ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി ഇന്‍റർനെറ്റിൽ സെർച്ചിങ് നടത്തി. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ തന്നെയുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങൾ ദുരുപയോഗം ചെയ്തു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷനും ആവശ്യപ്പെട്ടു.

പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ഗ്രീഷ്മ കത്തിലൂടെ കോടതിയെ അറിയിച്ചത്. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എം.എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe