താമരശ്ശേരി: വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഗുരുതരമായി മർദനമേറ്റ് ജീവൻ നഷ്ടമായ ഷഹബാസിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത് ആയിരങ്ങൾ.
വാടക വീട്ടിൽ നിന്ന് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുമ്പോഴാണ് കുടുംബത്തിന് തീരാവേദന സമ്മാനിച്ച് ഷഹബാസിന്റെ മടക്കം.
മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ കാത്തിരിക്കുമ്പോഴാണ് മരണം ഈ രൂപത്തിൽ ഷഹബാസിനെ തട്ടിയെടുത്തത്.
ചുങ്കത്തെ തറവാടിനോട് ചേർന്ന് പുതിയ വീടിന്റെ പണി നടക്കുകയാണ്. കോരങ്ങോട്ടുള്ള വാടകവീട്ടിലായിരുന്നു ഒന്നരവർഷമായി കുടുംബം കഴിഞ്ഞത്. ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് തറവാട്ട് വീട്ടിലേക്കാണ് ഷഹബാസിനെ എത്തിച്ചത്. മദ്രസയിലെ പൊതുദർശനത്തിന് ശേഷം കിടവൂർ ജമാമസ്ജിദിന്റെ ഖബർസ്ഥാനിൽ ഖബറടക്കും.
മകൻ ഇനി ജീവനോടെയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഷഹബാസിന്റെ ഉമ്മ റംസീനക്കും ഉപ്പ ഇക്ബാലിനും സാധിച്ചിട്ടില്ല. വെന്റിലേറ്ററിൽ കഴിയുമ്പോഴും മകൻ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഇവരുടെ പ്രതീക്ഷ.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റെത്. പ്രവാസിയായിരുന്ന ഇക്ബാൽ കൂലിപ്പണിക്കു പോയാണ് കുടുംബം പുലർത്തുന്നത്. മാതാപിതാക്കൾക്കും മൂന്ന് അനിയൻമാർക്കും വലിയ പ്രതീക്ഷയായിരുന്നു പഠിക്കാൻ മിടുക്കനായ ഷഹബാസ്.
താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. നഞ്ചക്ക് പോലുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നുണ്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ല ഷഹബാസ്.തലക്ക് സാരമായി പരിക്കേറ്റ ഷഹബാസ് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.