ന്യൂഡൽഹി : ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്‌റ്റഡീസ് ഡയറക്‌ടർ കെ എസ് ജയിംസിനെ സസ്‌പെൻഡ് ചെയ്‌തു. റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിചിത്രനീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐഐപിഎസ് ആണ് ദേശീയ കുടുംബാരോഗ്യ സർവേകൾ തയ്യാറാക്കുകയും, കേന്ദ്ര സർക്കാരിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്നത്. “ദ വയർ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഐഐപിഎസ് നടത്തിയ സർവേകളിൽ വന്ന ചില ഡാറ്റകളിൽ കേന്ദ്രസർക്കാർ തൃപ്‌തരല്ലാത്തതിനാൽ ജെയിംസിനോട് രാജിവെക്കാൻ നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറായില്ല. 28ന് വൈകുന്നേരമാണ് സസ്‌പെൻഷൻ കത്ത് ജെയിംസിന് ലഭിച്ചത്.
കേന്ദ്ര സർക്കാരിന് ഗുണമുള്ളതും, തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ രീതിയിൽ ഡാറ്റകളും സർവേകളും വരാത്തതാണ് ആരോഗ്യമന്ത്രാലയത്തെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ പത്തൊൻപത് ശതമാനം വീടുകളും ഒരു ടോയ്‌ലറ്റ് സൗകര്യവും ഉപയോഗിക്കുന്നില്ലെന്നും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നുവെന്നും ഐഐപിഎസ് ഒരു സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം പൂർണമായും ടോയ്‌ലറ്റ് സൗകര്യമുള്ള രാജ്യമായി മാറിയെന്നായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ അവകാശവാദം.
നാൽപത് ശതമാനത്തിലധികം കുടുംബങ്ങൾക്ക് പാചകം ചെയ്യാനാവശ്യമായ ഇന്ധനവും സൗകര്യവും ലഭിക്കുന്നില്ലെന്ന ഐഐപിഎസ് സർവേഫലം ഉജ്ജ്വല യോജനയുടെ വിജയത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ, ജനസംഖ്യയുടെ പകുതിയിലധികം, 57 ശതമാനത്തിന് എൽപിജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ അനീമിയ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായി ഐഐപിഎസ് പറഞ്ഞിരുന്നു. അടുത്ത സർവേയ്‌ക്ക് മുൻപായി അനീമിയ അളവ് കുറയ്‌ക്കാനുള്ള പദ്ധതികൾ സർക്കാർ ആലോചിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥകൾ പുറത്തുവരുന്നതിൽ കേന്ദ്രസർക്കാർ പലപ്പോഴും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ജനുവരിയിൽ തൊഴിലില്ലായ്‌മ ഡാറ്റ സർക്കാർ തടഞ്ഞുവച്ചിരുന്നു, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് അത് പുറത്തുവിട്ടത്. ഇത് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചിരുന്നു. 2021-ൽ നടക്കേണ്ടിയിരുന്ന ദശാബ്‌ദ സെൻസസ് കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. 150 വർഷത്തിനിടെ ആദ്യമായാണ് സെൻസസ് മാറ്റിവയ്‌ക്കുന്നത്.