‘ശുഭവാർത്തക്കായി കാത്തിരിക്കുന്നു’; അന്വേഷണം മികച്ച രീതിയിലെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷന്‍

news image
Nov 28, 2023, 5:27 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരി അബി​ഗേലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ശുഭവാർത്തക്കായി കാത്തിരിക്കുന്നു എന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൂയപ്പള്ളിയിലെ കുട്ടിയുടെ വീട് ഇന്ന് രാവിലെ അദ്ദേഹം സന്ദർശിച്ചിരുന്നു. സമയം നീണ്ടു പോകുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. പൊലീസിൽ നിന്നും ശുഭവാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. പൊലീസ് ഏകദേശം അടുത്തെത്തി എന്നാണ് മനസ്സിലാക്കുന്നത്. പൊലീസിനോട് സംസാരിച്ചിരുന്നു. ശുഭകരമായ വാർത്ത പുറത്തുവരും എന്ന് തന്നെയാണ് അവരും പറഞ്ഞത്. കെ വി മനോജ്കുമാർ പറഞ്ഞു.

സഹോദരനൊപ്പം ട്യൂഷന് പോയ അബി​ഗേൽ സാറ റെജിയെന്ന ആറ് വയസ്സുകാരിയെ കാണാതായിട്ട് 18 മണിക്കൂർ പിന്നിടുന്നു. ഇന്നലെ നാലരയോടെ ആയിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് രണ്ട് തവണയായി, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സ്ത്രീ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതികളിലൊരാളുടെ രേഖാചിത്രവും പൊലീസ് തയ്യാറാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിർത്തികളിൽ വാഹനപരിശോധനയും ഊർജ്ജിതമായി നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe