കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ മെഡിക്കൽ ബോർഡ് യോഗം ചൊവ്വാഴ്ച. കേസിന്റെ തുടർനടപടിയിൽ ബോർഡ് യോഗം നിർണായകമാണ്. ബോർഡ് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാവും കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കുക. ഈ മാസം എട്ടിന് മെഡിക്കൽ ബോർഡ് ചേർന്ന് പൊലീസിനും ആരോഗ്യവകുപ്പിനും റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഹർഷിനക്ക് ഉറപ്പുനൽകിയിരുന്നു.
ഈ മാസം ഒന്നിന് ചേരാനിരുന്ന ബോർഡ്, ജില്ലയിൽനിന്ന് ആരോഗ്യവകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റിനെ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഹർഷിനയും സമരസമിതി നേതാക്കളും കോഴിക്കോട് ഡി.എം.ഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഡി.എം.ഒയുടെ ആവശ്യപ്രകാരം എറണാകുളം ജില്ല ജനറൽ ആശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് സമിതിയിലേക്ക് നിയോഗിച്ചത്. ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് എ.സി കെ. സുദർശന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഹർഷിനയുടെ വയറ്റിൽ കുടങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്സ്) മെഡിക്കൽ കോളജിലേതാണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ഒപ്പമുണ്ടായിരുന്നവർക്കും സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. രണ്ട് ഡോക്ടർമാരടക്കം നാലുപേരാണ് ശസ്ത്രക്രിയ സമയത്തുണ്ടായിരുന്നത്. ഡി.എം.ഒ, അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവരാണ് ബോർഡിലുള്ളത്. വിഷയത്തിൽ നീതിതേടി ഹർഷിന മെഡിക്കൽ കോളജിനു മുന്നിൽ നടത്തുന്ന സമരം 79ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.