ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് മാർച്ച് 31നകം

news image
Feb 20, 2026, 3:30 am GMT+0000 payyolionline.in

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്തിമ റിപ്പോർട്ട് (കുറ്റപത്രം) മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ. ശബരിമല കൊടിമരത്തിലെ സ്വർണം തട്ടിയെടുത്തെന്ന കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വിജിലൻസും അറിയിച്ചു. സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകളുടെ സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനക്ക് ജംഷഡ്പൂരിലെ നാഷനൽ മെറ്റലർജിക്കൽ ലാബോറട്ടറി സമ്മതമറിയിച്ചിട്ടുണ്ടെന്ന് എസ്.ഐ.ടി വ്യക്തമാക്കി. പരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തുടർന്ന് നിർദേശം നൽകി.

ജംഷഡ്‌പൂരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, പ്ലാസ്മ മാസ്സ് സ്പെക്ട്രോമെട്രി, ഒപ്ടിക്കൽ എമിഷൻ സ്പെട്രോസ്കോപ്പി എന്നീ ശാസ്ത്രീയ പരിശോധനകളാണ് നടത്തേണ്ടത്. ഇത് സൗജന്യമായി ചെയ്യാമെന്നും വേഗത്തിൽ പൂർത്തിയാക്കാമെന്നും ജംഷഡ്പൂർ ലാബ് എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങൾ കട്ടിള പാളികൾ ശ്രീകോവിൽ വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് 36 ലോഹ സാമ്പിളുകളാണ് ശേഖരിച്ചത്.

കൊല്ലം വിജിലൻസ് കോടതിയുടെ കസ്റ്റഡിയിലുള്ള സാമ്പിളുകൾ ഉടൻ ലാബിന് കൈമാറും. കേസിന്റെ വിചാരണയിലടക്കം നിർണായക തെളിവുകളാവുക ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തിരിമറി എത്രത്തോളമെന്ന് കൃത്യമായി വിലയിരുത്താനും ഇതുവഴി സാധിക്കും.

പ്രതികളുടെ ഫോൺ വിവരങ്ങൾ ലഭ്യമാക്കണം

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾ ഉപയോഗിച്ച ഫോണുകളുടെ കോൾ വിവരങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ, ഐഡിയ, ജിയോ, ബി.എസ്.എൻ.എൽ, എയർടെൽ എന്നീ കമ്പനികൾക്ക് അപേക്ഷ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നൽകി. സേവന ദാതാക്കൾ പരമാവധി വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. ഡി.വി.ആർ, കോൾ ഡാറ്റാ അനാലിസിസ് റിപ്പോ‌ർട്ടും അന്വേഷണസംഘത്തിന് ലഭിക്കാനുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട്.

കൊടിമരം കേസിൽ തിരുവനന്തപുരം വിജിലൻസ് ഡി.വൈ.എസ്.പി സി.എസ്. ഹരിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായാണ് വിജിലൻസ് അറിയിച്ചത്. ഇതിൽ 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe