ശബരിമല മണ്ഡല-മകരവിളക്ക് വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം: മന്ത്രി കെ.രാധാകൃഷ്ണന്‍

news image
Mar 5, 2024, 2:03 am GMT+0000 payyolionline.in

പത്തനംതിട്ട∙ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ  വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. വിവിധ വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി. തീര്‍ഥാടനകാലത്ത് ചില കേന്ദ്രങ്ങളില്‍നിന്നു വ്യാജ പ്രചാരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുകയുണ്ടായി. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സജീവമായ ഇടപെടല്‍ സഹായകമായി. ഇതൊരു മാതൃകയാക്കി അടുത്ത തീര്‍ഥാടനം മികവുറ്റതാക്കണം.’’–കെ.രാധാകൃഷ്ണൻ പറഞ്ഞു.

അടുത്ത തീര്‍ഥാടനകാലം സംബന്ധിച്ച മുന്നൊരുക്ക അവലോകനയോഗം കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണനെ പ്രമോദ് നാരായണ്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ഇക്കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ വകുപ്പുകൾക്ക്  മന്ത്രി പുരസ്കാരം നൽകി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ്  വകുപ്പിനുള്ള  പുരസ്കാരം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറും  പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫിസറും ഏറ്റുവാങ്ങി.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, വാഴൂര്‍ സോമന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ്  അംഗങ്ങളായ ജി.സുന്ദരേശന്‍, അജി കുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ഐജി സ്പര്‍ജന്‍ കുമാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe