ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി റിട്ട. ജസ്റ്റിസ് വി.ജി. അരുണിനെ നിയമിച്ചു

news image
Apr 8, 2026, 2:23 pm GMT+0000 payyolionline.in

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതിയുടെ (ഹൈ പവർ കമ്മിറ്റി) പുതിയ ചെയർമാനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണിനെ നിയോഗിച്ചു. സമിതി അധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ അന്തരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പുതിയ ഉത്തരവ്. സമിതിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ചെയർമാനെ അടിയന്തരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനും ഫണ്ട് വിനിയോഗത്തിനുമായി 2009-ലാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ ഉന്നതാധികാര സമിതി രൂപീകരിച്ചത്. സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക, പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ കോടതിയിൽ സമർപ്പിക്കുക തുടങ്ങിയ നിർണ്ണായക ചുമതലകളാണ് പുതിയ ചെയർമാൻ നിർവ്വഹിക്കേണ്ടത്. സർക്കാർ, ദേവസ്വം ബോർഡ്, കോടതി എന്നിവർക്കിടയിൽ പദ്ധതികളുടെ ഏകോപനത്തിന് സമിതി അധ്യക്ഷന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന 21 അംഗ സമിതിക്കാണ് ജസ്റ്റിസ് വി.ജി. അരുൺ ഇനി നേതൃത്വം നൽകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe