ശബരിമലയിൽ 25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ് ഒഴിവാക്കി, സ്പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിൽ നീണ്ടനിര

news image
Dec 21, 2024, 5:15 am GMT+0000 payyolionline.in

ശബരിമല: ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്ക് കണക്കിലെടുത്ത് മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25നും 26നും വെർച്വൽ ക്യൂവിന്‍റെ എണ്ണം കുറച്ചു. കൂടാതെ, സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കി.

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായാണ് കുറവ് വരുത്തിയത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കാണ് ദർശനത്തിന് അവസരമുള്ളത്.

സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂവിന്‍റെ എണ്ണം 70,000 ആയിരുന്നു. ഇതിന് പുറമേ ദർശനത്തിന് വരുന്ന എല്ലാവർക്കും സ്പോട്ട് ബുക്കിങ്ങും അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20,000നു മുകളിലായിരുന്നു സ്പോട്ട് ബുക്കിങ്. എന്നാൽ, 25നും 26നും സ്പോട്ട് ബുക്കിങ് നടത്തി ദർശനം അനുവദിക്കില്ല.

26ന് ഉച്ചയ്ക്ക് 12നും 12.30നും മധ്യേയാണ് മണ്ഡല പൂജ. മണ്ഡലപൂജയുടെ ഭാഗമായി ഭഗവാന് ചാർത്തുവാനുള്ള തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 25ന് വൈകിട്ട് ആറിന് മണിക്ക് സന്നിധാനത്ത് എത്തും. തുടർന്ന് വൈകിട്ട് ആറരക്ക് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.

മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചക്ക് നടക്കും. തുടർന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിനങ്ങൾ നീണ്ടുനിന്നന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.

അതേസമയം, ഇന്ന് രാവിലെ പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിൽ നീണ്ടനിരയാണ്. രാവിലെ പതിനെട്ടാംപടി കയറാനുള്ള ഭക്തരുടെ നീണ്ടനിര മരക്കൂട്ടം വരെ എത്തി.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറാൻ ആയിരങ്ങളാണ് വെള്ളിയാഴ്ച രാത്രിയിലും കാത്തു നിൽക്കുന്നത്. രാത്രി 10 മണി വരെയുള്ള കണക്കനുസരിച്ച് 84,928 പേരാണ് വെള്ളിയാഴ്ച ശബരിമല ദർശനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe