ശബരിമലയിൽ ദർശനം നടത്താതെ മടങ്ങിയ അയ്യപ്പഭക്തന്മാർക്ക് ഹോമകുണ്ഡം ഒരുക്കി പന്തളം ക്ഷേത്രഭാരവാഹികൾ

news image
Dec 12, 2023, 2:57 pm GMT+0000 payyolionline.in

പന്തളം: ശബരിമലയിൽ ദർശനം നടത്താതെ മടങ്ങിയ അയ്യപ്പഭക്തന്മാർക്ക് പന്തളം ക്ഷേത്രഭാരവാഹികൾ ഹോമകുണ്ഡവം ഒരുക്കി. പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന് കിഴക്ക് തെക്കു മാറി ഹോമകുണ്ഡം ഒരുക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കൽ നിന്നും പമ്പയിൽ നിന്നും തിരക്കുകാരണം സന്നിധാനത്തേക്ക് പോകാനാകാതെ മടങ്ങിയ പന്തളം എത്തിയ തീർത്ഥാടകർക്ക് ക്ഷേത്രം ഇത്തരത്തിൽ സൗകര്യങ്ങൾ ഒരുക്കിയത്.

ശബരിമലയിൽ അഭിഷേകം നടത്താനായി കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് ഉപയോഗിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിൽ അയ്യപ്പഭക്തർ സമർപ്പിച്ചു. തീർഥാടകർക്ക് നെയ് എടുത്തശേഷം തേങ്ങ ഹോമിക്കാവാനായി ഹോമകുണ്ഡവും ഇടുന്നത്.തന്ത്രിയുടെയും, ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ആഴി ഒരുക്കിയതെന്ന് ക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. സുനിൽകുമാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ആഴി ഒരുക്കിയത്.

ശബരിമലയിൽ നടത്തേണ്ട ചടങ്ങുകൾ പന്തളത്ത് നടത്തിയതിൽ ഒരു വിഭാഗം വിശ്വാസികളിൽ അമർഷമുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പന്തളത്ത് എത്തിയ അയ്യപ്പഭക്തന്മാരാണ് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നാട്ടിലേക്ക് മടങ്ങി. ആന്ധ്ര, കർണാടക, കേരളത്തിന്റെ വടക്കൻ ജില്ലകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഇരുനൂറോളം തീർഥാടകരാണ് തിങ്കളാഴ്ച ഉച്ചമുതൽ പന്തളത്തെത്തിയത്.

ശബരിമലയുടെ മൂല്യസ്ഥാനമായ പന്തളത്ത് അയ്യപ്പഭക്തന്മാർ എത്തുന്നത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്. ഇക്കുറി ഭക്തരുടെ തിരക്ക് മൂലം തിരികെ പോരേണ്ടതായി വന്ന ആയിരകണക്കിന് അയ്യപ്പ തീർത്ഥാടകർ മണികണ്ഠസ്വാമിയുടെ ജന്മഗേഹത്തിൽ സ്ഥിതി ചെയ്യുന്ന പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി. ശിഷ്ട നാളികേരം ഇവിടെ ആഴിയിൽ അർപ്പിച്ച് ഭക്തി നിർവൃതിയാണ്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe