ശബരിമല : 285 ഒഴിവുകളുണ്ടെങ്കിലും ശബരിമലയിലെ സേവനത്തിനു താൽക്കാലിക ജീവനക്കാരെ കിട്ടാതെ ദേവസ്വം ബോർഡ്. അഭിമുഖം ഒഴിവാക്കി രേഖകളുമായി നേരിട്ടെത്തുന്നവരെ നിയമിക്കുമെന്ന് അറിയിച്ചിട്ടും കാര്യമുണ്ടായില്ല. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 60 ദേവസ്വം ജീവനക്കാരുടെ കുറവുണ്ട്. ഇതുകാരണം കാണിക്ക മുഴുവൻ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പകരം ദേവസ്വം ഭണ്ഡാരത്തിലേക്കു താൽക്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടാംപടി കയറാനായി ക്യൂ നിൽക്കുന്നവർക്കു ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യാൻ 120 താൽക്കാലിക ജീവനക്കാരെയാണ് ഇപ്പോഴുള്ളത്. 60 പേരെക്കൂടി ഉടനെ നിയമിക്കണം. ഭക്ഷണ വിതരണത്തിനും ജീവനക്കാർ കുറവാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ തുടങ്ങാൻ 45 താൽക്കാലിക ജീവനക്കാരെ നിയോഗിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചീകരണം കാര്യക്ഷമമാക്കാൻ 100 പേരെ ഉടൻ വേണം. ചപ്പുചവറുകൾ തൂത്തുവാരുന്നതും ശുചിമുറികൾ വൃത്തിയാക്കുന്നതുമാണ് ജോലി. അയ്യപ്പ സേവാസംഘത്തിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ നിന്നാണ് വിശുദ്ധി സേനാംഗങ്ങളെ എത്തിച്ചിട്ടുള്ളത്. ഇനിയും 100 പേർ കൂടി ഉണ്ടെങ്കിലേ തിരക്കിനിടെ ശുചീകരണം ഭംഗിയായി നടക്കൂ.20 സെക്യൂരിറ്റി ജീവനക്കാരുടെ കുറവുണ്ട്. വിമുക്തഭടന്മാരിൽ നിന്നാണ് ഇവരെ നിയമിക്കാൻ ഉദ്ദേശിക്കുന്നത്. വിമുക്തഭടന്മാരെ കിട്ടാതെ വന്നാൽ പൊലീസ്, ഫോറസ്റ്റ്, എക്സൈസ് ഡിപ്പാർട്മെന്റുകളിൽനിന്നു വിരമിച്ചരെയും പരിഗണിക്കും.
സെക്യൂരിറ്റി ഒഴികെയുള്ള താൽക്കാലിക ജീവനക്കാർക്ക് പ്രതിദിനം 650 രൂപയും സൗജന്യ താമസവും ഭക്ഷണവുമാണ് ദേവസ്വം ബോർഡ് വാഗ്ദാനം. ഹിന്ദു ആയിരിക്കണം, 65 വയസ്സിൽ താഴെ പ്രായം. ക്രിമിനൽ കേസിൽ പ്രതിയല്ലെന്നു കാണിച്ച് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാറിന്റെ കോപ്പി, രണ്ട് ഫോട്ടോ എന്നിവയുമായി എത്തുന്നവർക്ക് ഉടൻ നിയമനം ലഭിക്കും. അന്നദാനത്തിലെ ജോലിക്ക് ഹെൽത്ത് കാർഡും വേണം.സെക്യൂരിറ്റി ജോലിക്ക് ദിവസം 900 രൂപയാണ് ശമ്പളം. യോഗ്യതയ്ക്ക് പുറമേ 2 ജോടി യൂണിഫോമും കരുതണം. എല്ലാവരും എക്സിക്യൂട്ടീവ് ഓഫിസറെ നേരിട്ടു സമീപിച്ചാൽ ഉടൻ നിയമനം നൽകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. താൽക്കാലിക ഒഴിവുകൾ ∙ ദേവസ്വം ഭണ്ഡാരം– 60 ∙ ചുക്കുവെള്ള വിതരണം– 60 ∙ അന്നദാനം– 45 ∙ ശുചീകരണം– 100 ∙ സെക്യൂരിറ്റി– 20
ശമ്പളം ∙സാധാരണ താൽക്കാലിക ജീവനക്കാർ– 650 രൂപ ∙ സെക്യൂരിറ്റി ഗാർഡ്– 900 രൂപ ∙ എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും സൗജന്യം.
