ശബരിമല : ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രെച്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രച്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.
ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫിസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ആരക്കോണത്ത് നിന്നും എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ സംഘവും സന്നിധാനത്തുണ്ട്. ഫയർ ആൻഡ് റസ്ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും സന്നിധാനത്ത് പ്രവർത്തിക്കുന്നു. അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
നാല് ഫയർ റസ്ക്യൂ ഓഫിസർമാർ, ഒരു ഡ്രൈവർ, ഒരു സ്പെഷൽ ഫയർ റസ്ക്യൂ ഓഫിസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായും ജോലിക്കുണ്ടാകും. സന്നിധാനത്തെ സ്ട്രച്ചർ സർവീസ് ഉൾപ്പടെ സഹായത്തിനായി 15 സിവിൽ ഡിഫൻസ് വളന്റിയർമാരെയും തയാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ എട്ട് ഫയർ സ്റ്റേഷൻ പോയന്റുകളും ഫയർ ആൻഡ് റസ്ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നടപ്പന്തൽ, മാളികപ്പുറം, ഭസ്മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയന്റുകളായി പ്രവർത്തിക്കുന്നത്.
കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന് പ്രത്യേക സംഘം
ശബരിമല: തീർഥാടന വഴികളിലും സന്നിധാനത്തും ഉൾപ്പെടെ തീർഥാടകരുടെ സുരക്ഷക്കും പോക്കറ്റടി പോലെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രത്യേക സംഘം രൂപവത്കരിച്ചതായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.ഇ. ബൈജു പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പോലീസ് സ്പെഷ്യൽ ഓഫിസർ പറഞ്ഞു. പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെ ഭാഗത്ത് പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണം.