ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ

news image
Jan 8, 2025, 11:32 am GMT+0000 payyolionline.in

ശബരിമല: മണ്ഡല-മകരവിളക്ക് കാലയളവിൽ ഇതുവരെ ശബരിമല ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86,667 പേർ ദർശനം നടത്തി. 40,95,566 ഭക്തരാണ് മണ്ഡലകാലത്ത് എത്തിയത്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതൽ ബുധനാഴ്ച ഉച്ചവരെ 9,91,101 തീർഥാടകർ ദർശനം പൂർത്തിയാക്കി.

മകരവിളക്കിനായി നട തുറന്ന ശേഷമുള്ള എല്ലാ ദിനങ്ങളിലും ലക്ഷത്തിനടുത്ത് തീർഥാടകർ എത്തുന്നുണ്ട്. മകരവിളക്കിന് 5 ദിനങ്ങൾ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് ഉണ്ടാവുമെന്ന് തന്നെയാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്. ഇതിന്‍റെ ഭാഗമായി മകരവിളക്ക് ഉത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈകോടതിയുടെ നിർദേശപ്രകാരം വെർച്ച്വൽ ക്യൂവിന്‍റെയും സ്പോട്ട് ബുക്കിങ്ങിന്‍റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിനത്തിൽ അടക്കം സുഖ ദർശനത്തോടൊപ്പം തീർഥാടകരുടെ സുരക്ഷ കൂടി മുൻനിർത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് ശബരിമല എ.ഡി.എം അരുൺ എസ്. നായർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe