വർക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

news image
Mar 9, 2024, 3:06 pm GMT+0000 payyolionline.in

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം, സംഭവത്തില്‍ മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിഡ്ജ് സ്ഥാപിച്ചതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വി മുരളീധരൻ, വിനോദ സഞ്ചാരത്തിന്‍റെ പേരിൽ സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കുറ്റപ്പെടുത്തി.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നത്. അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍പ്പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ സഞ്ചാരികള്‍ അപകടമുണ്ടായപ്പോള്‍ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നു. എട്ട് പേര്‍ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിച്ചത്.

നേരത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജില്‍ അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നമ്പറില്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ട് അപകടമുണ്ടായിരുന്നു. തിരക്ക് കുറവായതിനാലാണ് അന്ന് വന്‍ അപകടം ഒഴിവായത്. ഫ്ലോട്ടിങ്  ബ്രിഡ്ജിന്‍റെ ഒരുഭാഗം വേര്‍പ്പെട്ടുപോവുകയായിരുന്നു. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനകം തകര്‍ന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe