വ്യാജ സ‍ര്‍ട്ടിഫിക്കറ്റുമായി വിദ്യ ഇത്തവണയും കരിന്തളം കോളേജിലെത്തി, പക്ഷേ ജോലി കിട്ടിയില്ല

news image
Jun 9, 2023, 6:52 am GMT+0000 payyolionline.in

കാസ‍ര്‍കോട് : വ്യാജ എക്സ്പീരിയൻസ് സ‍ര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ലിസ്റ്റിൽ അഞ്ചാം റാങ്കാണ് വിദ്യക്ക് ലഭിച്ചത്. അതിനാൽ നിയമനം ലഭിച്ചില്ല.

2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സ‍ര്‍ട്ടിഫിക്കറ്റിൽ പ്രിൻസിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

ഇതോടെ, വിദ്യ സമ‍ര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിന് കത്ത് നല്‍കി. വിദ്യ ഞങ്ങളുടെ കോളേജിൽ അധ്യാപികയായിരുന്നില്ലെന്നും വ്യാജ സ‍ര്‍ട്ടിഫിക്കറ്റാണെന്നും കാണിച്ച് മഹാരാജാസ് കോളേജ് അധികൃതര്‍  കരിന്തളം ഗവ. കോളേജ് അധികൃതര്‍ മറുപടി നൽകി. ഇതോടെ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കാൻ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തീരുമാനിച്ചിട്ടുണ്ട്.

 

പിടിയിലായത് അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പളിന്റെ ഇടപെടലിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അന്ന് വൈകീട്ട് പൊലീസിൽ പരാതി നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ പൊലീസിൽ ആശയക്കുഴപ്പമായി. എന്നാൽ ഇതിനിടയിൽ പ്രാഥമികമായി പൊലീസ് പൂർത്തിയാക്കേണ്ട നടപടികളിൽ കാലതാമസമുണ്ടായി. പ്രതിയായ കെ വിദ്യ എവിടെ എന്നതിൽ ഒരു സൂചനയും പൊലീസിനില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe