വ്യാജ വാട്‌സാപ് അക്കൗണ്ടിലൂടെ തട്ടിയത്‌ 41.81 ലക്ഷം ; സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു

news image
Jun 4, 2023, 4:09 am GMT+0000 payyolionline.in

കൊച്ചി : പ്രമുഖ ബിൽഡിങ്‌ സ്ഥാപനത്തിന്റെ എംഡിയുടെ പേരിൽ വ്യാജ വാട്‌സാപ് അക്കൗണ്ട്‌ ഉണ്ടാക്കി കമ്പനി അക്കൗണ്ടിൽനിന്ന്‌ 41.81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊച്ചി സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു. ആൾമാറാട്ടത്തിനും വിശ്വാസവഞ്ചനയ്‌ക്കുമാണ്‌ കേസ്‌. കമ്പനി ചീഫ്‌ ഫിനാൻഷ്യൽ മാനേജരുടെ പരാതിയിലാണ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ പണം പോയതെന്നാണ്‌ കൊച്ചി സൈബർ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്‌.

 

 

വ്യാജ വാട്‌സാപ് അക്കൗണ്ട്‌ ഉപയോഗിച്ച്‌ ചീഫ്‌ ഫിനാൻഷ്യൽ മാനേജർക്ക്‌ സന്ദേശം അയച്ചാണ്‌ പണം തട്ടിയെടുത്തത്‌. എംഡിയുടെ ഫോട്ടോയുള്ള വാട്‌സാപ് അക്കൗണ്ടിൽനിന്നാണ്‌ പണം ആവശ്യപ്പെട്ടുള്ള സന്ദേശം എത്തിയത്‌. കമ്പനി അക്കൗണ്ടിൽനിന്ന്‌ 41,81,258 രൂപയാണ്‌ ചീഫ്‌ ഫിനാൻഷ്യൽ മാനേജർ അയച്ചുകൊടുത്തത്‌. വാട്‌സാപ് സന്ദേശത്തിൽ പറഞ്ഞ ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക്‌ മെയ്‌ ഇരുപത്തൊമ്പതിനാണ്‌ പണം അയച്ചത്‌.

കമ്പനി അക്കൗണ്ടിൽനിന്ന്‌ പണം പോയതറിഞ്ഞ്‌ എംഡി, ചീഫ്‌ ഫിനാൻഷ്യൽ മാനേജരോട്‌ വിവരം തിരക്കിയപ്പോഴാണ്‌ തട്ടിപ്പ്‌ മനസ്സിലായത്‌. പണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ എംഡി വ്യക്തമാക്കിയതോടെ ചീഫ്‌ ഫിനാൻഷ്യൽ മാനേജർ പരാതി നൽകുകയായിരുന്നു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe