മനാമ: വ്യാജ ഫോൺ കാളുകളിലൂടെ ഇരകളെ കബളിപ്പിച്ച് ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തിയ ഏഷ്യൻ സംഘത്തിന് ജയിൽ ശിക്ഷ. തട്ടിപ്പു സംഘത്തിലുൾപ്പെട്ട 12 ഏഷ്യൻ വംശജരെയാണ് ജയിലിലടച്ചത്. സംഘത്തിലെ നാലുപേർക്ക് അഞ്ചുവർഷം തടവും 1,000 ദീനാർ വീതം പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചു. ബാക്കിയുള്ള എട്ടുപേർക്ക് മൂന്നുവർഷം വീതമാണ് തടവ്. ജയിൽ ശിക്ഷ പൂർത്തിയാക്കിയശേഷം 12 പേരെയും നാടുകടത്തും. ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കോളുകളാണെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയത്. വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി അവർ ആവശ്യപ്പെടുകയും രഹസ്യ ബാങ്കിങ് കോഡുകൾ പങ്കിടാൻ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്തു.
വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയശേഷം അവരുടെ അക്കൗണ്ടുകളിൽനിന്ന് പണം തട്ടുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. ഒരു ഇലക്ട്രോണിക് പേയ്മെന്റ് ആപ് ഉപയോഗിച്ച് സംഘം ഇടപാടുകാരുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് തട്ടിപ്പുകാർ ഈ ആപ്പിലെ ജീവനക്കാരെന്ന വ്യാജേന ഇടപാടുകാരെ വിളിക്കുകയായിരുന്നു.