വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; ‘കോൺ​ഗ്രസ് വിശദീകരണം നൽകണം, ഡിജിപി അന്വേഷിക്കും’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

news image
Nov 18, 2023, 4:08 am GMT+0000 payyolionline.in

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഞ്ചയ് കൗൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ചയ് കൗൺ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ബംഗലൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും ഷാഫി വിമർശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. സംഘടനാതലത്തിൽ ഇങ്ങനെയൊരു പരാതി ഉയർന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും  ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe