വ്യാജ ഐഡിയുണ്ടാക്കി പോർട്ടലിൽ ജോയിൻ ചെയ്തു, ഫോൺ കേന്ദ്രീകരിച്ച അന്വേഷണം ശുഹൈബിനെ കുടുക്കി

news image
Jan 31, 2023, 9:09 am GMT+0000 payyolionline.in

പത്തനംതിട്ട:  ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിലൂടെ വനിത ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ശുഹൈബ് അറസ്റ്റിലായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. വ്യാജ ഐഡിയിൽ നിന്നാണ് ഇയാൾ രോ​ഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. വ്യാജ ഐഡിയായതിനാൽ പിടിക്കപ്പെടില്ലന്ന് ധരിച്ചു. എന്നാൽ ഐഡി ഉണ്ടാക്കിയ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഇയാളെ കുടുക്കി. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഇയാൾ പൊലീസിന്റെ വലയിലായി. തൃശൂർ സ്വദേശി ശുഹൈബിനെയാണ് (21) പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

 

ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിൽ ലോഗിൻ ചെയ്ത് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മുന്നിലാണ് പ്രതി നഗ്നത പ്രദർശിപ്പിച്ചത്. സ്ക്രീൻ ഷോട്ട് വനിത ഡോക്ടർ പൊലീസിന് കൈമാറിയിരുന്നു. രോഗി എന്ന പേരിൽ പോർട്ടലിൽ കയറിയാണ് യുവാവ് അതിക്രമം കാണിച്ചത്. വെബ്സൈറ്റിൽ കയറിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ വനിതയാണെന്ന് കണ്ടയുടന്‍ ഇയാള്‍ നഗ്നതാപ്രദര്‍ശനം ആരംഭിച്ചെന്നും മൂന്നുമിനിറ്റോളം രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

 

ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്ത് അന്വേഷിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇ സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മറ്റ് രണ്ട് ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് കൂടി പ്രതി ശുഹൈബ് നേടിയിരുന്നുവെന്നും ഇരുവരും പുരുഷ ഡോക്ടർമാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe