വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല; പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി

news image
Jan 17, 2024, 5:36 am GMT+0000 payyolionline.in

കൊച്ചി: വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ഇക്കാര്യം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ പ്രത്യേക വ്യവസ്ഥയില്ലാത്തതിൽ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമസഭ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ.

എന്നാൽ ചട്ടമില്ലെങ്കിലും വിവാഹം പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം രേഖപ്പെടുത്താൻ മാര്യേജ് ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ തലശേരി സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

2012ലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. വ്യക്തിനിയമ പ്രകാരം വിവാഹിതരായ ശേഷം വടകര നഗരസഭയിൽ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് പ്രകാരം രജിസ്റ്റർ ചെയ്തു. 2014ൽ സാക്ഷികളുടെ സാന്നിധ്യത്തിൽ ഭർത്താവ് ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. തുടർന്ന് വിവാഹമോചനം രേഖപ്പെടുത്താൻ നഗരസഭയുടെ രജിസ്ട്രേഷൻ വിഭാഗത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വ്യക്തിനിയമ പ്രകാരം വിവാഹിതരായതിനാൽ വിവാഹമോചനം രേഖപ്പെടുത്താൻ കഴിയില്ലെന്നും കോടതി ഉത്തരവുണ്ടെങ്കിലേ ഇത് സാധിക്കൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe