വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം, ഓണ്‍ലൈനായും അല്ലാതെയും, അവസാന തിയ്യതി അറിയാം…

news image
Mar 18, 2024, 12:08 pm GMT+0000 payyolionline.in

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. മാർച്ച് 25 വരെ അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്‍പ്പ് ലൈൻ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കാൻ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ നൽകി അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. എന്നിട്ട് ഫോം 6 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. എന്‍ആർഐ ആണെങ്കിൽ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാർലമെന്‍റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നൽകണം. അതിനുശേഷം ചോദിച്ചിരിക്കുന്ന ഫോണ്‍ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‍ലോഡ് ചെയ്യണം. ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി മാർക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസറെ നേരിൽക്കണ്ടും അപേക്ഷ സമർപ്പിക്കാം. രേഖകളുടെ കോപ്പി നേരിട്ട് നൽകാം.

ഫോം അപ്‍ലോഡ് ചെയ്ത് കഴിഞ്ഞാൽ ബ്ലോക്ക് ലെവൽ ഓഫീസർ എത്തി വെരിഫിക്കേഷൻ നടത്തും. ശേഷം വോട്ടർ ഐഡി കാർഡ് തപാലില്‍ അയക്കും. വോട്ടർ ഹെല്‍പ്പ് ലൈൻ ആപ്പ് വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം. വോട്ടർ ഐഡിയിലെ വിവരങ്ങളിൽ എന്തെങ്കിലും പിശകുകളോ മാറ്റങ്ങളോ ഉണ്ടായാൽ തിരുത്തലുകൾക്കായി ഫോം 8 ആണ് പൂരിപ്പിക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe