വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

news image
Jan 23, 2025, 10:43 am GMT+0000 payyolionline.in

ഡെറാഡൂൺ: മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവാതെ മടങ്ങി കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് കാരണം. ദീർഘകാലമായി നഗരത്തിലെ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന് ഡെറാഡൂണിലെ സമീപപ്രദേശമായ നിരഞ്ജൻപൂരിലായിരുന്നു വോട്ട്. 2009 മുതൽ ഇവിടെ നിന്ന് വോട്ടുരേഖപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പോളിങ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലാത്ത വിവരം അറിയുന്നത്.

‘രാവിലെ മുതൽ ഞാൻ കാത്തിരിക്കുകയാണ്… പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചെയ്ത പോളിംഗ് സ്റ്റേഷനിൽ എന്റെ പേരില്ല.’ അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. വോട്ടർ ലിസ്റ്റിൽ നിന്ന് പേരുകൾ ചേർക്കാനും നീക്കം ചെയ്യാനും അവർക്ക് സാധിക്കുന്നതിനാൽ ഞാൻ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നെന്നും അദ്ദേഹം ബി.ജെ.പി ക്കെതിരെ ആഞ്ഞടിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് ബോഡിയുടെ കമ്പ്യൂട്ടർ സെർവർ തകരാറിലാണെന്നും തനിക്ക് ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചതായും പറയുന്നു.

11 മുനിസിപ്പൽ കോർപറേഷനുകൾ 43 മുനിസിപ്പൽ കൗൺസിലുകൾ 46 നഗര പഞ്ചായത്തുകൾ എന്നിവയിലേക്കാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്ന് രാവിലെ എല്ലാ വോട്ടർമാരോടും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനും ദയവായി ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe